വിദേശ വിദ്യാർത്ഥികളെ കബളിപ്പിച്ചു: കാനഡയിലെ സ്വകാര്യ കോളേജ് പൂട്ടാൻ ഉത്തരവിട്ട് അധികൃതർ

By: 600110 On: Dec 20, 2025, 10:40 AM

 

വിദേശ വിദ്യാർത്ഥികളെ കബളിപ്പിച്ചതിനെ തുടർന്ന് കാനഡയിലെ സ്വകാര്യ കോളേജ് പൂട്ടാൻ ഉത്തരവിട്ട് അധികൃതർ. വിദേശ വിദ്യാർത്ഥികളെ തെറ്റിദ്ധരിപ്പിക്കുകയും കോഴ്‌സുകളെക്കുറിച്ചും ജോലിസാധ്യതകളെക്കുറിച്ചും വ്യാജവാഗ്ദാനങ്ങൾ നൽകുകയും ചെയ്തതിനെത്തുടർന്നാണ് ബ്രിട്ടീഷ് കൊളംബിയയിലെ  പ്രമുഖ സ്വകാര്യ കോളേജായ പസഫിക് ലിങ്ക് കോളേജ് (PLC) അടച്ചു പൂട്ടിയത്.

ഒക്ടോബർ 8-നാണ് പ്രവിശ്യാ ഇൻസ്പെക്ടർമാരുടെ റിപ്പോർട്ടിനെത്തുടർന്ന് കോളേജിൻ്റെ സർട്ടിഫിക്കേഷൻ അധികൃതർ റദ്ദാക്കിയത്. കോഴ്‌സ് ക്രെഡിറ്റിനായി വിദ്യാർത്ഥികളെ നിർബന്ധപൂർവ്വം രാഷ്ട്രീയ പ്രചാരണങ്ങളിൽ പങ്കെടുപ്പിച്ചുവെന്ന ഗൗരവകരമായ ആരോപണവും കോളേജിനെതിരെ ഉയർന്നിട്ടുണ്ട്. ആയിരക്കണക്കിന് ഡോളർ ട്യൂഷൻ ഫീസ് നൽകി പഠിക്കുന്ന വിദ്യാർത്ഥികളെ ചൂഷണം ചെയ്ത നടപടിക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. കോളേജ് പെട്ടെന്ന് അടച്ചുപൂട്ടിയത് നൂറുകണക്കിന് അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കി. ഒന്നോ രണ്ടോ വർഷം പഠനത്തിനായി ചെലവഴിച്ചവർക്കും 10,000 മുതൽ 15,000 ഡോളർ വരെ ഫീസായി നൽകിയവർക്കും വലിയ സാമ്പത്തിക നഷ്ടമാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്.

തങ്ങളുടെ വിലപ്പെട്ട സമയവും പണവും നഷ്ടപ്പെട്ടതിലുള്ള രോഷത്തിലാണ് വിദ്യാർത്ഥികളെന്ന് വിദ്യാർത്ഥി സംഘടനകൾ അറിയിച്ചു. കോളേജ് അടച്ചുപൂട്ടിയ സാഹചര്യത്തിൽ, ദുരിതത്തിലായ വിദ്യാർത്ഥികളോട് ഫീസ് തിരികെ ലഭിക്കുന്നതിനായി പ്രവിശ്യാ ഭരണകൂടത്തിന് അപേക്ഷ നൽകാൻ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.